ഇന്ന് കേരളത്തിൽ റിലീസിനായി മൂന്ന് മലയാള ചിത്രങ്ങളാണ് എത്തിയത്. മൂന്ന് ചിത്രങ്ങളും പ്രേക്ഷകർ വളരെ പ്രതീക്ഷ അർപ്പിച്ച ചിത്രങ്ങളാണ്, അവയിൽ പ്രധാനമായ ഒരു ചിത്രമാണ് ഓപ്പറേഷൻ ജാവ. നവാഗതനായ തരുൺ മൂർത്തി സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് ബാലു വർഗീസും ലുക്ക്മാനുമാണ്.വിനായകൻ, ഷൈൻ ടോം ചാക്കോ,ഇർഷാദ്, ബിനു പപ്പു തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണി നിരന്നു.. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ സംസാരിക്കുന്നതും.. എല്ലാവരും ടെക്‌നോളജി പരമായി മുന്നിൽ നിൽക്കുമ്പോൾ നിരവധി പ്രശ്നങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതും. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് തട്ടിപ്പുകളും വളരെയധികമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓൺലൈൻ തട്ടിപ്പുകളാണ് ഇപ്പോളത്തെ ഏറ്റവും വലിയ പ്രശ്‌നം അവയെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ചിത്രത്തിൽ.വിദേശത്ത് ജോലിക്കായി പണം നൽകി തട്ടിപ്പിന് ഇരയായ നിരവധിപേരാണ് ഇന്ന് നമ്മുക്ക് ചുറ്റുമുള്ളത്,അത്പോലെ തന്നെ ഫോണിൽ ലഭിക്കുന്ന ഓ ടി പി ലഭിച്ച് അത് പങ്ക് വെച്ച് അക്കൗണ്ടിൽ നിന്ന് പണം പോയവരും നമ്മുക്ക് ചുറ്റുമുണ്ട്. അവരുടെയെല്ലാം ജീവിതം ജാവയിലുണ്ട്. പ്രേക്ഷകനെ ഒട്ടും മടുപ്പിക്കാതെ ഓരോ നിമിഷവും രസിപ്പിച്ചും ത്രില്ലടിപ്പിച്ചുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. കിടിലൻ ഫസ്റ്റ് ഹാഫും അതിനോട് നീതി പുലർത്തുന്ന രണ്ടാം ഭാഗവുമാണ് ചിത്രത്തിൽ ഉള്ളത്.. പ്രേക്ഷകനെ ഒരു നിമിഷം പോലും ചിത്രം മടുപ്പിക്കുന്നില്ല.പ്രേമം സെൻസർ കോപ്പി ലീക്കായത് മുതൽ നമ്മൾ നിരന്തരം പത്ര മാധ്യമങ്ങളിൽ കാണുന്ന നിരവധി ഓൺലൈൻ തട്ടിപ്പുകളുടെ ഉറവിടങ്ങളും എല്ലാം ചിത്രത്തിൽ പ്രതിബാധിക്കുന്നുണ്ട്, ചതിയിൽ അകപ്പെടാതെ എങ്ങനെ ഇരിക്കാം എന്ന് പ്രേക്ഷകന് ഒരു മുൻകരുതൽ നൽകുന്ന ചിത്രം കൂടെയാണ് ഓപ്പറേഷൻ ജാവ.
ജോലി അന്വേഷിച്ച് നടക്കുന്ന, ഒടുക്കം ടെംമ്പററി പോസ്റ്റിൽ സൈബർസെല്ലിൽ ജോലിചെയ്യുന്ന രണ്ടുപേർ അവർക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ, അതുവഴി അത്യന്തം ചടുലമായ അവതരണത്തിൽ ആദ്യാവസാനം താളം നിലനിർത്തി കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. കഥാപാത്രങ്ങളായി ഓരോരുത്തരും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്, ആരും മികച്ച് നിന്നു എന്ന് പറയാൻ സാധിക്കില്ല അത്രയ്ക്കും ഗംഭീരമായി തന്നെ ഓരോരുത്തരും അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. പുതുമുഖ സംവിധായകനാണെന്ന് ഒരിക്കൽ പോലും ചിത്രം കാണുമ്പോൾ തോന്നുകയില്ല അത്രയ്ക്കും മനോഹരമായി തന്നെയാണ് അദ്ദേഹം തൻ്റെ ആദ്യ സിനിമ ഒരുക്കിയത്. പിന്നീട് എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ ഛായാഗ്രഹണം ആണ് പല മൂവ്മെന്റ് ഷോട്ടുകളും രാത്രിയിലെ ദൃശ്യങ്ങളും എല്ലാം തന്നെ മികവിട്ടു നിന്നു. ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഫായിസാണ്.പശ്ചാത്തല സംഗീതവും ചിത്രത്തിന് വളരെയധികം ഗുണകരമായി മാറി. ഒറ്റവാക്കിൽ പറഞ്ഞാൽ ഏത് പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന മികവുറ്റ ഒരു ചിത്രമാണ് ഓപ്പറേഷൻ ജാവ.
