ദിലീപ് നായകനായി നാഥ് ഗ്രൂപ്പിന്റെ ബാനറിൽ നാദിർഷ ഒരുക്കിയ ചിത്രമാണ്
കേശു ഈ വീടിന്റെ നാഥൻ. ഹോട്സ്റ്റാർ വഴിയാണ് ഡിസംബർ 31 മുതൽ ലോകമെമ്പാടും ചിത്രം സ്‌ട്രീമിംഗ് ആരംഭിച്ചത്.
മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് വഴി മലയാളികളുടെ സ്വീകരണ മുറികളിൽ വർഷങ്ങൾക്കു മുന്നേ ചിരി വിതറിയ കൂട്ടുകെട്ടാണ് ദിലീപ്-നാദിർഷ ടീം, വർഷങ്ങൾക്കിപ്പുറം ദിലീപ് മലയാളത്തിന്റെ ജനപ്രിയ നായകനും നാദിർഷ തൊട്ടതെല്ലാം പൊന്നാക്കയ ഹിറ്റ് മേക്കറും ആയി ഒരുമിച്ചു ഒരു സിനിമയുമായി മലയാളികളുടെ സ്വീകരണ മുറിയിൽ വീണ്ടും എത്തിയിരിക്കുകയാണ്. സ്വാഭാവികമായും പ്രതീക്ഷകൾ വാനോളമാണ്, ആ പ്രതീക്ഷകളെ ഒട്ടും തന്നെ കോട്ടം തട്ടാതെ പഴയ ചിരികളെ പൊട്ടിച്ചിരികളായി മാറ്റിയിരിക്കുകയാണ് കേശുവും കൂട്ടരും.
വേഷപകർച്ചകൾ കൊണ്ടു പ്രേക്ഷകരെ എന്നും വിസ്മയിപ്പിച്ച നടനാണ് ദിലീപ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മറ്റൊരു പൊൻതൂവൽ ആണ് 67കാരനായ കേശു. ഭാര്യ രത്നമ്മയും രണ്ടു മക്കളും അമ്മയും അടങ്ങുന്നതാണ് പിശുക്കനും ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരനുമായ കേശുവിന്റെ കുടുംബം. അമ്മയുടെ ആഗ്രഹവും ആവശ്യപ്രകാരവും അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്ത് ഒഴുക്കുവാൻ പെങ്ങമ്മാരും തരികിട അളിയമ്മാരും ഒത്ത് കുടുംബ സമേതം യാത്ര തിരിക്കുന്ന കേശുവിന് വഴിമധ്യേ വീട്ടിൽ എടുത്തു വെച്ചിരിക്കുന്ന ബമ്പറിന് ഒന്നാം സമ്മാനമായ 12 കോടി അടിക്കുന്നു, തുടർന്ന് കേശുവിനും കുടുംബത്തിനും നേരിയേണ്ടിവരുന്ന സാഹചര്യങ്ങളാണ് ചിത്രത്തിൽ.
67കാരനായി വന്ന ദിലീപിന്റെ കേശു എന്ന കഥാപാത്രവും ഉജ്വല പ്രകടനവും തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം, ഒപ്പം ദിലീപ്-ഊർവ്വശി കെമിസ്‌ട്രിൽ പിറന്ന തകർപ്പൻ നമ്പറുകളും മലയാളികൾക്ക് എന്നും ഓർത്തുവെക്കുവാനുള്ള രംഗങ്ങൾ തരുന്നു.
കൂടാതെ കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, സീമാ ജി. നായർ, വത്സല മേനോൻ, നസ്ലിൻ കെ. ഗഫൂർ, വൈഷ്ണവി വേണുഗോപാൽ, റിയാസ് നർമ്മകല, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ് തുടങ്ങിയ ഒരു നീണ്ടനിര തന്നെ ഉണ്ട് പ്രേക്ഷകർക്ക് ചിരിയുടെ വിരുന്നൊരുക്കുവാനായി ചിത്രത്തിൽ.
ഛായാഗ്രഹണം അനിൽ നായരും എഡിറ്റിങ് സാജനും നിർവഹിച്ചിരിക്കുന്നു. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലാണ്.
ദിലീപ് ചിത്രമെന്നാൽ എന്നും കുടുംബ പ്രേക്ഷകർക്ക് എല്ലാം മറന്നു ആർത്തു ചിരിക്കുവാനായുള്ള വിഭവങ്ങളാൽ സമൃദ്ധമാണ്, അതുകൊണ്ട് തന്നെയാണ് കുടുംബ പ്രേക്ഷകർക്കും ആരാധകർക്കും ദിലീപ് എന്ന നടൻ ജനപ്രിയനാക്കുന്നതും, ഈ പുതുവത്സര വാരം കുടുംബ സമേതം ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിച്ചു ആഘോഷമായി കാണുവാൻ ധൈര്യമായി ഹോട്ട്സ്റ്റാറിൽ കേശുവിനെ കണ്ടു തുടങ്ങാം.