ആമസോൺ പ്രൈമിൽ റിലീസായ മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം വളരെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തിയ ചിത്രത്തിലെ താരം തിരക്കഥ ആണെങ്കിലും മോഹൻലാലിൻറെ അഭിനയത്തിനും നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകിയത്. ജോർജുകുട്ടിയും ദൃശ്യം 2ഉം ട്വിറ്റർ ട്രെൻഡിങ്ങിലും ഇടം പിടിച്ചിരുന്നു. മലയാള സിനിമാലോകം ഒട്ടാകെ ചിത്രത്തിന് പ്രശംസയുമായി എത്തിയതിനൊപ്പം തന്നെ ദേശീയ തലത്തിലും നിരൂപകർ അടക്കം ചിത്രത്തെ പ്രശംസിച്ചിരുന്നു.
ഇപ്പോഴിതാ ദൃശ്യം 2വിന് ലഭിച്ച തുകയെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമുകളെ കുറിച്ചുളള വാര്‍ത്തകളും വിവരങ്ങളും പങ്കുവെക്കുകയും സര്‍വ്വേകള്‍ നടത്തുകയും ചെയ്യുന്ന ഗ്ലോബല്‍ ഒടിടി എന്ന പേജാണ് ദൃശ്യം 2വിന് ലഭിച്ച തുകയെ കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 30 കോടി രൂപയ്ക്കാണ് ദൃശ്യം 2 ആമസോണ്‍ വാങ്ങിയതെന്നാണ് ഇവര്‍ പറയുന്നത്. സിനിമയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ നല്ല സന്തോഷത്തിലാണെന്നും ഗ്ലോബല്‍ ഒടിടി ട്വീറ്റ് ചെയ്തിരിക്കുന്നു.
തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല പ്രദേശങ്ങളിലായിരുന്നു ദൃശ്യം സീരിസിന്റെ ഷൂട്ടിംഗ് നടന്നത്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശവും തൊടുപുഴയില്‍ തന്നെയാണ് ഒരുക്കിയത്. തെലുങ്കിലെ പ്രമുഖ നടൻ വെങ്കിടേഷ് നായകനാകുന്ന ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പും ഒരുങ്ങുന്നത് കാഞ്ഞാറില്‍ തന്നെയാണ്. ദൃശ്യം കവല എന്നാണ് ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്.അത് കൊണ്ട് തന്നെ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടായി ഈ മേഖല മാറി കഴിഞ്ഞു.