ഏറെ ആരാധകരുള്ള ദിലീപ് കഥാപാത്രമാണ് മൂലം കുഴിയിൽ സഹദേവൻ അഥവാ സി.ഐ.ഡി മൂസ. 2003ൽ ജോണി ആൻറണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ സിബി കെ തോമസ് ഉദയകൃഷ്ണ ടീമിന്റെ ആയിരുന്നു. വൻ വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു, എന്നാൽ അത് ആനിമേഷനിൽ ആയിരിക്കുമെന്നും പിന്നീട് അറിയിച്ചിരുന്നു. മൂലം കുഴിയിൽ സഹദേവൻ എന്ന കഥാപാത്രമായി ദിലീപ് എത്തിയപ്പോൾ കൂട്ടിന് അർജ്ജുൻ എന്ന ജർമൻ ഷെപ്പേഡ് നായയും ഉണ്ടായിരുന്നു,പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു ചിത്രമായിരുന്നു സി.ഐ.ഡി മൂസ. ഭാവനയായിരുന്നു നായികയായി ചിത്രത്തിൽ വേഷമിട്ടത്.ചിത്രത്തിനുള്ള ആരാധകരെ പോലെ തന്നെ അതിലെ കഥാപാത്രങ്ങൾക്കും കാറിനും നായയ്ക്കും എല്ലാം ആരാധകർ ഏറെയാണ്. ആരുടേയും സഹായം ഇല്ലാതെ നിന്ന് പോയാൽ തള്ളാൻ കഴിയുന്ന വണ്ടി, മുളക് പൊടി വിതറുന്ന വണ്ടി അങ്ങനെ നിരവധി പ്രത്യേകതകളുള്ള വണ്ടിയായിരുന്നു മൂസയുടേത്. ഇപ്പോളിതാ മൂസയും അർജ്ജുനും വീണ്ടും എത്തിയിരിക്കുകയാണ്.ഗായകൻ കെ എസ് ഹരിശങ്കർ ഒരുക്കിയ കവർ സോങ്ങിലാണ് മൂസയും അർജ്ജുനും തിരികെ എത്തിയിരിക്കുന്നത്. സി ഐ ഡി മൂസയിലെ ഗാനത്തിന്റെ കവർ സോങ്ങിന്റെ അവസാനം ഫ്ലാറ്റ് നമ്പർ 12b യിൽ മൂസ എത്തുകയായിരുന്നു. സിനിമ കണ്ടിട്ടുള്ള ഏവരും ഓർത്തിരിക്കുന്ന ഫ്ലാറ്റ് നമ്പറാണ് 12 b, ഏറെ ചിരിപ്പിച്ച ചിത്രത്തിന്റെ അടുത്ത ഭാഗമുണ്ടാകുമെന്ന സൂചനയാണോ ഈ വീഡിയോ എന്നും സംശയം ജനിപ്പിക്കുന്നതാണ്.
