ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത് കുമാർ. ആ ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതോടെ ആ കഥാപാത്രത്തിന്റെ പേരിലും അതുപോലെ അപ്പാനി ശരത് എന്ന പേരിലും ശരത് കുമാർ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടു തുടങ്ങി. അങ്കമാലി ഡയറീസില്‍ നിന്ന് പുറപ്പെട്ട അപ്പാനി ശരതിന്റെ സിനിമാവണ്ടി മലയാളം കടന്ന് കുതിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് 12 ചിത്രങ്ങള്‍. അപ്പാനിയെ തമിഴകവും സ്വീകരിച്ചു കഴിഞ്ഞു, LE24 ഫിലംസിന്റെ ബാനറിൽ A.R മുരുഗദാസിന്റെ ശിഷ്യൻ അഭിൻ ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ത്രില്ലർ ചിത്രത്തിൽ വില്ലനായാണ് അപ്പാനി ശരത് എത്തിയത്. സിനിമയിലെ തുടക്ക കാലത്ത് തന്നെ മണി രത്നത്തെ പോലുള്ള സംവിധായകനുമായി ജോലി ചെയ്യുവാൻ ശരത്തിനു കഴിഞ്ഞു.
ഇപ്പോൾ താരം വീണ്ടും തമിഴിലേക്ക് പോകുവാൻ ഒരുങ്ങുകയാണ്, ശശികുമാര്‍ നായകനായി എത്തുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിലാണ് നടന് അഭിനയിക്കുന്നത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയായിരിക്കും അപ്പാനി ശരത് അവതരിപ്പിക്കുക. സത്യശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴുഗു, ബെല്‍ബോട്ടം, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സത്യശിവ ഒരുക്കുന്ന ചിത്രം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.