മലയാള സിനിമാ ലോകത്ത് അങ്കമാലി ഡയറീസ് എന്ന ഒരേ ഒരു സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വര്‍ഗീസ്. കോവിഡ് മഹാമാരിയുടെ രണ്ടാം വരവോടെ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തി വെച്ചിരിക്കുകയാണെങ്കിലും ആന്റണി ഇപ്പോഴും വലിയ തിരക്കിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ കറുകുറ്റി ടാസ്ക് ഫോഴ്സിലെ ഒരംഗമായിരിക്കുയാണ് ആരാധകരുടെ പ്രിയ താരം ആന്റണിയും.
സമൂഹ അടുക്കളയിലേക്ക് കൊണ്ടുവന്ന അരിച്ചാക്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കുക, പാചകപ്പുരയില്‍ സഹായിക്കുക, ഭക്ഷണം പാക്കറ്റുകളാക്കാന്‍ സഹായിക്കുക, വീടുകളില്‍ എത്തിക്കേണ്ടവയുടെ ലിസ്റ്റ് പരിശോധിക്കുക. ഇതിനിടെ സെല്‍ഫിയെടുക്കാനെത്തുന്നവര്‍ക്കൊപ്പം കൂടുക, തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും ആന്റണിയുടെ കൈകള്‍ എത്തുന്നു.
അത് മാത്രമല്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും ആവശ്യ പ്രകാരം സമീപത്തെ ദേശീയപാതയോരത്ത് നിരന്തരം വെള്ളക്കെട്ടുണ്ടാക്കുന്ന സ്ഥലം ശുചീകരിക്കാനും ആന്റണി ഒപ്പം നിന്നു. പുല്ലുപറിച്ചു മാറ്റല്‍ മുതല്‍ പൊട്ടിയിളകി അഴുക്കുചാലില്‍ വീണ കോണ്‍ക്രീറ്റ് സ്ലാബ് വരെ മാറ്റാന്‍ താരം സഹായിച്ചു.ഈ സേവനമെല്ലാം ചെയ്യുന്നത് നിറഞ്ഞ സന്തോഷത്തോടെയാണെന്നും ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.