ബോളിവുഡിൻറെ താരസുന്ദരി മലൈക അറോറ തനിക്ക് കോവിഡ് പിടിപെട്ടതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ്. ശാരീരികമായി തന്നെ കോവിഡ് തളര്‍ത്തി. ഒന്ന് എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത അവസ്ഥ. ഒരു സമയത്ത് ഇനി ഒരിക്കലും ആ പഴയ അവസ്ഥയിലേക്ക് തിരികെ പോകാനാവില്ലെന്നാണ് കരുതിയത്. പക്ഷെ കോവിഡ് നെഗറ്റീവായി 32 ആഴ്ചയ്ക്ക് ശേഷം തന്റെ ശക്തി വീണ്ടെടുക്കാനായെന്നാണ് മലൈക സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
മലൈക അറോറയുടെ വാക്കുകൾ ഇങ്ങനെ ……
നിങ്ങള്‍ ഭാഗ്യവതിയാണ്, ഇത് വളരെ എളുപ്പമാണ്, ഞാന്‍ എപ്പോഴും കേള്‍ക്കുന്നതാണ് ഇത്. അതേ, എന്റെ ജീവിതത്തിലുള്ള ഒരുപാട് കാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവതിയാണ്. എന്നാല്‍ ഭാഗ്യത്തിന് ചെറിയ വേഷം മാത്രമാണുള്ളത്. കാര്യങ്ങള്‍ അത്ര എളുപ്പവുമല്ല. സെപ്റ്റംബര്‍ അഞ്ചിനാണ് എനിക്ക് പോസിറ്റീവായത്. അത് വളരെ മോശമായിരുന്നു. കോവിഡ് മുക്തി എളുപ്പമാണെന്ന് പറയുന്നവരുണ്ട്. മികച്ച പ്രതിരോധശേഷിയുള്ളവരായിരിക്കും അവര്‍, അല്ലെങ്കില്‍ കോവിഡ് ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയാത്തവരാകും. അതിലൂടെ കടന്നുപോയ ഒരാളെന്ന നിലയില്‍ എളുപ്പം എന്ന വാക്കല്ല ഞാന്‍ തെരഞ്ഞെടുക്കുക. അത് എന്നെ ശാരീരികമായി തളര്‍ത്തി.
രണ്ട് സ്റ്റെപ്പ് നടക്കുന്നതുപോലും വലിയ ടാസ്കായി. എഴുന്നേറ്റ് ഇരിക്കുന്നത്, കട്ടിലില്‍ നിന്ന് ഇറങ്ങുന്നത്, ജനലിന് അടുത്തുപോയി നില്‍ക്കാനുള്ള ശ്രമം പോലും വലിയ യാത്രയായി. എനിക്ക് വണ്ണം വെക്കുകയും ക്ഷീണിതയാവുകയും സ്റ്റാമിന നഷ്ടപ്പെടുകയും ചെയ്തു. എന്റെ കുടുംബത്തില്‍ നിന്ന് അകന്നു. അവസാനം സെപ്റ്റംബര്‍ 26ന് ഞാന്‍ കോവിഡ് നെഗറ്റീവായി. അതില്‍ ഞാന്‍ വളരെ സന്തോഷവതിയായി. എന്നാല്‍ ക്ഷീണം അതുപോലെ നിലനിന്നു. എന്റെ മനസു വിചാരിക്കുന്നതുപോലെ ശരീരത്തിന് ശക്തിയില്ലെന്ന ചിന്ത എന്നെ നിരാശയാക്കി. എന്റെ ശക്തി ഒരിക്കലും തിരിച്ചു പിടിക്കാനാവില്ലെന്നു ഭയന്നു. ഒരു കാര്യം ചെയ്ത് 24 മണിക്കൂറില്‍ പൂര്ത്തിയാക്കാനാവില്ലെന്നുപോലോലും കരുതി.
എന്റെ ആദ്യത്തെ വര്‍ക്കൗട്ട് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഒന്നും എനിക്ക് ശരിയായി ചെയ്യാനായില്ല. തകരുന്നതായി തോന്നി. എന്നാല്‍ രണ്ടാമത്തെ ദിവസം എനിക്ക് ആത്മവിശ്വാസം തോന്നി. അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി. ഞാന്‍ കോവിഡ് മുക്തി നേടിയിട്ട് ഇന്നേക്ക് 32 ആഴ്ചയാവുകയാണ്. ഇപ്പോള്‍ എനിക്ക് എന്നെ ഞാനായിട്ടു തന്നെ തോന്നുന്നു. പോസിറ്റീവ് ആകുന്നതിന് മുന്‍പ് ചെയ്തപോലെ ഇന്നെനിക്ക് വര്‍ക്കൗട്ട് ചെയ്യാനാകുന്നുണ്ട്. എനിക്ക് നന്നായി ശ്വസിക്കാനും ശാരീരികമായും മാനസികമായും ശക്തിയും തോന്നുന്നുണ്ട്. പ്രതീക്ഷയാണ് എന്നെ മുന്നോട്ടു നയിച്ചത്. പിന്തുണച്ച എല്ലാവരോടും നന്ദി.