നടന ശൈലി കൊണ്ടും അതെ പോലെ തന്നെ അഭിനയ മികവ് കൊണ്ടും മലയാളീ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷംന കാസിം. മലയാള ചിത്രങ്ങളെക്കാൾ മറ്റു ഭാഷ ചിത്രങ്ങളിലും വളരെ സജീവമാണ് ഷംന. ഒരു പ്രത്യേകത എന്തെന്നാൽ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് ഷംനയെ തേടി വരാറുള്ളത്. അത് കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ചെങ്കിലും നായികയായി വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കു കഴിഞ്ഞില്ല.
അഭിനയ രംഗത്ത് മികച്ച അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നു പറയുകയാണ് താരം.’മറ്റു ഭാഷകളില്‍ ലഭിക്കുന്നതു പോലെ നല്ല റോളുകള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. നമ്മുടെ ചില സിനിമകള്‍ കാണുമ്പോൾ ഞാനിതിനെ പറ്റി ചിന്തിക്കാറുണ്ട്. ഇതെല്ലായ്പ്പോഴും എനിക്കൊരു ചോദ്യചിഹ്നമാണ്. ജോസഫ് സിനിമയുടെ തമിഴ് റീമേക്ക് തന്നെ എടുക്കുക.
അഭിനയ കേന്ദ്രീകൃതമായ കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഇത് എനിക്ക് തമിഴില്‍ ചെയ്യാമെങ്കില്‍ എന്തു കൊണ്ട് മലയാളത്തില്‍ ചെയ്തു കൂടാ?’ ഷംന പറയുന്നു.തനിക്ക് ഇതുവരെ ഇതിനൊരു ഉത്തരം ലഭിച്ചിട്ടില്ലെന്നും, ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടും തന്നെ കാണാന്‍ മലയാളിയെ പോലല്ലാത്തതു കൊണ്ടാണെന്നുമാണ് ചിലര്‍ പറഞ്ഞതെന്നും ഷംന കൂട്ടിച്ചേര്‍ക്കുന്നു.