മലയാളസിനിമാരംഗത്ത് സിദ്ധിഖ് -ലാല്‍ ടീം ആദ്യമായി സംവിധാനം ചെയ്ത ‘റാംജിറാവു സ്പീക്കിങ്ങ്’ എന്ന മനോഹര ചിത്രം തനിക്ക് തന്നെ നിര്‍മ്മിക്കാന്‍ തോന്നിയതിന് പിന്നിലെ വളരെ വ്യക്തമായ കാരണത്തെക്കുറിച്ച് പറയുകയാണ് ഫാസില്‍. ആ സമയത്ത് പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്‍റെ’ എന്ന സിനിമയുടെ തമിഴ് റീമേക്കിന് സിദ്ധിഖ്-ലാല്‍ ടീം നല്‍കിയ മികച്ച പിന്തുണയുടെ ഫലമാണ് അവര്‍ക്ക് തന്റെ നിര്‍മ്മാണത്തില്‍ ആദ്യമായി സംവിധാനം ചെയ്യാനുള്ള വലിയ രീതിയിലുള്ള അവസരം നല്‍കിയതെന്ന് ഫാസില്‍ വ്യക്തമാക്കി.
ഫാസിലിന്റെ വാക്കുകള്‍……
തമിഴില്‍ എന്നെന്നും കണ്ണേട്ടന്‍റെ എന്ന സിനിമ റീമേക്ക് ചെയ്യുമ്പോൾ എനിക്ക് സിദ്ധിഖ് ലാലില്‍ നിന്ന് അവരുടെ ആശയത്തിൽ നിന്നുമുള്ള അനേകം സംഭാവനകള്‍ ലഭിച്ചിരുന്നു. ടെക്നിക്കലായുള്ള സിനിമയുടെ മാജിക് അവര്‍ എന്നില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. ‘വര്‍ഷം പതിനാറു’ ചെയ്യുമ്പോൾ തന്നെ ഞാന്‍ തീരുമാനിച്ചു, അവര്‍ സ്വതന്ത്രമായി ചെയ്യുന്ന സിനിമ ഞാന്‍ നിര്‍മ്മിക്കുമെന്ന്. അങ്ങനെയാണ് ‘റാംജിറാവു സ്പീക്കിങ്ങ്’ എന്ന ചിത്രം നിര്‍മ്മിക്കുന്നത് . അവര്‍ ആദ്യം എന്നോട് കഥ പറഞ്ഞപ്പോള്‍ അതിന്‍റെതായ പോരായ്മകള്‍ ഉണ്ടായിരുന്നു. പക്ഷേ സിനിമ ബോക്സ് ഓഫീസില്‍ ഹിറ്റാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ അവരുടെ കയ്യില്‍ ഉണ്ടായിരുന്നു. സിനിമ എന്താണെന്ന് അവര്‍ മനസിലാക്കി. അതുകൊണ്ടാണ് അവര്‍ നല്ല സിനിമകള്‍ സംവിധാനം ചെയ്തതും അതിനൊക്കെ തിരക്കഥ രചിച്ചതും’. സംവിധായകന്‍ ഫാസില്‍ പറയുന്നു.