ദിലീഷ് പോത്തൻ സംവിധാനം ചെയ്ത് ആമസോണിൽ റിലീസ് ചെയ്ത ചിത്രമാണ് ജോജി. ഫഹദ് നായകനായ ചിത്രത്തിന് തിരക്കഥ എഴുതിയത് ശ്യാം പുഷ്കർ ആണ്, വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് പ്രതികരണവുമായി എത്തുന്നത്, ഇപ്പോൾ അങ്ങ് ബോളിവുഡിൽ നിന്ന് വരെ ചിത്രത്തിന് മികച്ച അഭിപ്രായം കിട്ടിയിരിക്കുകയാണ്.പ്രമുഖ ബോളിവുഡ് നടൻ ഗജരാജ് റാവുവാണ് ജോജിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഒരു തുറന്ന് കത്തിൽ കൂടിയാണ് ഗജരാജ് റാവു തന്റെ അഭിനന്ദനം അറിയിച്ചിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് ഒപ്പമാണ് തന്റെ അഭിപ്രായം താരം പങ്കുവെച്ചിരിക്കുന്നത്, ആരാധകർക്കിടയിൽ ഈ കത്ത് ഇപ്പോൾ ഒരു ചർച്ച വിഷയം ആയിട്ടുണ്ട്. നടന്റെ വാക്കുകൾ ഇങ്ങനെ.
“മതി. നിങ്ങൾ നിരന്തരം യഥാർത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാർത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് നിങ്ങൾ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയിൽ നിന്ന്. നിങ്ങൾ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാർക്കറ്റിങ് കാമ്പെയ്‌നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകൾ എവിടെയാണ്? വാരാന്ത്യ ബോക്സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അൽപ്പം കടന്ന കൈയ്യാണ്.
ഞാനീ പറഞ്ഞതൊന്നും നിങ്ങൾ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോൾ നിങ്ങളുടെ സിനിമകൾ ആദ്യ ദിവസം ആദ്യ ഷോ കാണാൻ ഒരു പാക്കറ്റ് പോപ്കോണുമായി ഞാൻ റെഡിയായിരിക്കും,” അദ്ദേഹം കുറിച്ചു.